കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തിലെ നവകേരള സദസ്സ് ഞായറാഴ്ച. കുന്ദമംഗലം കുന്ദമംഗലം ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. വേദിയുടെയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാനുള്ള കൗണ്ടറുകളുടേയും നിർമാണ പ്രവർത്തനങ്ങൾ അവസാന ഘടത്തിലാണ്. കുന്ദമംഗലം എംഎൽഎ പിടിഎ റഹീം വെള്ളിയാഴ്ച രാവിലെ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. 3000ത്തോളം പരാതികളും നിർദ്ദേശങ്ങളും നൽകാനുള്ള സംവിധാനമാണ് കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുങ്ങുന്നത്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പൊതുജനങ്ങൾക്ക് കൗണ്ടറുകളിലെത്തി ഉദ്യോഗസ്ഥർക്ക് മുമ്പാകെ പരാതികളും നിർദ്ദേശങ്ങളും നൽകാം. നവകേരള സദസ്സിന്റെ ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ ആറായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാവുന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ആസ്വദിക്കാൻ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. ഉദ്ഘാടന പരിപാടിയുടെ രണ്ട് മണിക്കൂർ മുമ്പ് കലാപരിപാടികൾ തുടങ്ങും.