ദുബൈ: കഴിഞ്ഞ 10 വർഷത്തിനിടെ യു.കെ.യിൽനിന്നുമാത്രം ഏകദേശം 1500 കോടീശ്വരൻമാർ ദുബായിലേക്ക് കുടിയേറിയതായി റിപ്പോർട്ട്. 250ലേറെ കോടീശ്വരൻമാർ ഈ വർഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തിന്റെ പഠനറിപ്പോർട്ട് പറയുന്നു. സംഖ്യ ഉയരുന്നതോടെ യൂറോപ്യൻ രാജ്യത്തുനിന്നുള്ള അതിസമ്പന്നരെ ആകർഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും.ദുബായിൽ ലഭിക്കുന്ന സവിശേഷമായ സാമ്പത്തികസേവനങ്ങൾ, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയൽ എസ്റ്റേറ്റ്, ടെക്‌നോളജി, ട്രാവൽ ആൻഡ് ടൂറിസം എന്നിവയാണ് വിദേശികളെ ആകർഷിക്കുന്ന മേഖലകൾ. ആഗോള ഹൈടെക് നഗരമായി ദുബായ് മാറിയെന്നതും അതിസമ്പന്നരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാൽ ദുബായ് ഒരു സുരക്ഷിത താവളമാണ്. അതേസമയം 4,500 കോടീശ്വരന്മാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസംമാറുമെന്ന് ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട്-2023 വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന കുടിയേറ്റമാണിത്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷന്റെ കണക്കുപ്രകാരം 2022-ൽ 5,200 ഉന്നത ആസ്തിയുള്ള വ്യക്തികൾ ദുബായിലേക്ക് കുടിയേറിയിട്ടുണ്ട്. ഇതുപ്രകാരം 2022-ൽ ഒരു രാജ്യത്തേക്കുള്ള ശതകോടീശ്വരൻമാരുടെ ഏറ്റവും ഉയർന്ന കുടിയേറ്റമായിരുന്നു ഇത്.