തലശ്ശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് -എക്സൈസ് വകുപ്പുകളുടെ ഇടപെടലുകളിലൂടെയും ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യും. അതോടൊപ്പം ഈ പോരാട്ടത്തിൽ അണിചേരുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടുകൂടാ എന്ന ബോധം സമുഹത്തിലാകെ ഉയർന്നു വരണം. അവരും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിൽ എത്തിക്കൂടാ. അവർക്ക് കൈത്താങ്ങ് നൽകാൻ നമുക്കാകെ ഉത്തരവാദിത്വമുണ്ട്. ഇതിന് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകാമെന്ന് സർക്കാരിന് ബോധ്യമുണ്ട്. നമ്മുടെ നാടിനെയും വരും തലമുറകളെയും ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരുമിച്ചു പോരാടാം.
തലശ്ശേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.