ഫിഫ ലോകകപ്പില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന്.പോര്‍ച്ചുഗല്‍ ഘാനയേയും ബ്രസീല്‍ സെര്‍ബിയയേയും നേരിടും. മറ്റ് രണ്ട് മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് കാമറൂണിന്റെ എതിരാളികള്‍. യുറുഗ്വേയെ ദക്ഷിണ കൊറിയ നേരിടും. നാളെ പുലര്‍ച്ചെ 12.30ന് നടക്കുന്ന ബ്രസീല്‍-സെര്‍ബിയ പോരാട്ടത്തിനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാല്‍ ഇന്നത്തെ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ഇന്നത്തെ പോരാട്ടത്തില്‍ ബ്രസീലിന്‍റെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയറാണ്.ഗ്രൂപ്പ് ജിയിലെ സ്വിറ്റ്‌സര്‍ലന്‍ഡ്-കാമറൂണ്‍ പോരാട്ടമാണ് ആരാധകര്‍ക്ക് മുന്‍പിലേക്ക് ആദ്യം എത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനാണ് ഇവിടെ മുന്‍തൂക്കം. ഇത് ആദ്യമായാണ് കാമറൂണിന് എതിരെ സ്വിറ്റ്‌സര്‍ലന്‍ഡ് കളിക്കുന്നത്. യൂറോയില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയത് സ്വിറ്റ്‌സര്‍ലന്‍ഡിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ മൂന്നാം സ്ഥാനത്താണ് കാമറൂണ്‍ ഫിനിഷ് ചെയ്തത്.രണ്ടാമത് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ യുറുഗ്വെ നേരിടും. മികച്ച ഫോമിലാണ് രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ യുറുഗ്വേ ഖത്തറിലേക്ക് വരുന്നത്. അവസാന ലോകകപ്പിന് എത്തുന്ന ക്രിസ്റ്റ്യാനോ ഘാനയെ നേരിട്ടാണ് തുടങ്ങുക. ഇന്ന് രാത്രി 9.30നാണ് മത്സരം. പോര്‍ച്ചുഗലിന് തന്നെയാണ് ഘാനയ്‌ക്കെതിരെ വലിയ മുന്‍തൂക്കം. സന്നാഹ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഘാന 2-0ന് വീഴ്ത്തിയത് പോര്‍ച്ചുഗലിന്റെ മനസിലുണ്ടാവും എന്ന് ഉറപ്പ്.