ഡൽഹിയിൽ വായുമലിനീകരണം കുറഞ്ഞാലും കേസ് അവസാനിപ്പിക്കില്ലെന്നും വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീംകോടതി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ലോകത്തിന് നൽകുന്ന സൂചന എന്താണെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. . .
. ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും തുടരുന്ന നിയന്ത്രണങ്ങൾ വായുമലിനീകരണ തോത് കുറച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് കൊണ്ടിരിക്കുന്ന കർശന നിയന്ത്രങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി തുടരാൻ കോടതി ഉത്തരവിട്ടു
കെട്ടിട നിര്‍മ്മാണങ്ങൾക്ക് ഉൾപ്പടെ പ്രധാന മേഖലകൾക്ക് തുടരുന്ന നിരോധനം മലിനീകരണം കുറയുന്ന സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ അടുത്ത ദിവസങ്ങളിൽ വായുമലിനീകരണം കൂടില്ലെന്നതിന് എന്താണ് ഉറപ്പെന്ന് ചോദിച്ച കോടതി പരിഹാരത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങൾ ആലോചിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ദില്ലി, പഞ്ചാബ്, യുപി, ഹരിയാന സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.
രാജ്യതലസ്ഥാനമാണ് വായു മലിനീകരണ ഭീഷണി നേരിടുന്നത്. ഇതിലൂടെ എന്ത് സൂചനയാണ് നമ്മൾ ലോകത്തിന് നൽകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം
ശാസ്ത്രീയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് മലിനീകരണം കുറഞ്ഞിട്ടുണ്ടോന്ന് തീരുമാനിക്കേണ്ടത് അല്ലാതെ കാറ്റിന്‍റെ ഗതി മാത്രം നോക്കിയല്ലെന്നും അതിനാൽ വായുമലിനീകരണം കുറഞ്ഞാലും ഈ കേസ് അവസാനിപ്പിക്കില്ലെന്നും വിശദമായ ഉത്തരവ് ഇറക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു.
തൽക്കാലം മൂന്ന് ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങൾ തുടരാൻ കോടതി, നിർദേശിച്ചു. ഏതെങ്കിലും മേഖലക്ക് ഇളവ് നൽകണോ എന്നത് അടുത്ത തിങ്കളാഴ്ച പരിശോധിക്കാമെന്ന് അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ തൊഴിൽ മുടങ്ങുന്നവര്‍ക്ക് സര്‍ക്കാരുകൾ സാമ്പത്തിക സഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിലാളി ക്ഷേമനിധിയിൽ കോടിക്കണക്കിന് രൂപ ഉള്ളത് അറിയാമെന്നും ആ പണം അതിനായി വിനിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.