ആലുവയിലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഉയരുന്ന വിവാദത്തില്‍ റിപ്പോര്‍ട്ട് തേടി സംസ്ഥാന പൊലീസ് മേധാവി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശം. വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.
പോലിസിനെ പ്രതിസന്ധിയിലാക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്തയോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിഐജി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഐയ്ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചനകള്‍.
ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ച് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ ജീവനൊടുക്കിയതതിന് പിന്നാലെ വിഷയം വലിയ വിവാദമായതിനെ തുടര്‍ന്നാണ് നിര്‍ദേശം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ആലുവ ഡിവൈഎസ്പി ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടുന്നത്.
മോഫിയയുടെ മരണത്തിന് പിന്നാലെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിഐ സി.എല്‍.സുധീറിന് എതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നത്. മോഫിയയുടെ മരണത്തിന് പിന്നാലെ കൂടുതല്‍ യുവതികളും രംഗത്ത് എത്തിയരുന്നു. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ സുധീര്‍ കേസെടുക്കാതെ തന്നെ ആപമാനിക്കുന്ന നിലയാണ് ഉണ്ടായത് എന്നായിരുന്നു യുവതിയുടെ ആക്ഷേപം.