സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമില്ല. അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അറബികടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
നവംബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
നവംബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.
നവംബര്‍ 27: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
അതേസമയം, ജലനിരപ്പ് ഉയര്‍ന്നതില്‍ മുല്ലപ്പെരിയാര്‍, ആളിയാര്‍, ഇടുക്കി കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിലെ ഏഴ് സ്പില്‍വേ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം 60 സെന്റിമീറ്ററും നാലു ഷട്ടര്‍ 30 സെന്റിമീറ്ററുമാണ് തുറന്നിരിക്കുന്നത്. മൊത്തം 3949 ഘനയടി വെള്ളമാണ് ഇവിടെ നിന്ന് തുറന്നു വിടുന്നത്. 141.50 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി.
ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ 21 സെന്റിമീറ്റര്‍ വീതവും ഇടുക്കി കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. വെള്ളി, ശനി ദിവസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം, ആന്ധ്രാ പ്രദേശ് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ പ്രസ്തതുത മേഖലകളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ് – വടക്കു പടിഞ്ഞാറു സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയുന്നു.