ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നോ-മാനേജ്മെന്റ് ഫെസ്റ്റായ ‘തത്വ ’25’-ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റിൽ തുടക്കമായി. ഒക്ടോബർ 24 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റ്, ക്യാമ്പസിനെ നവീകരണത്തിന്റെ കേന്ദ്രമാക്കി മാറ്റും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീഫ് ഗസ്റ്റ് ഡിആർഡിഒ (ന്യൂഡൽഹി) എഫ് ടി എം ഡയറക്ടർ ഡോ. എൻ. രഞ്ജന ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള ദൗത്യങ്ങളിൽ ഇന്ത്യൻ പ്രതിരോധ രംഗത്ത് സാങ്കേതികവിദ്യയുടെ നിർണായക പങ്കിനെക്കുറിച്ച് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. രാജ്യത്തിനായി ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങൾ നയിക്കാൻ വിദ്യാർത്ഥികളടങ്ങുന്ന വരും തലമുറയ്ക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.
സാങ്കേതികവിദ്യയോടും രാഷ്ട്ര നിർമ്മാണത്തോടുമുള്ള എൻഐടിയുടെ അചഞ്ചലമായ പ്രതിബദ്ധത ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഡീൻ (സ്റ്റുഡന്റ്സ് വെൽഫെയർ) ഡോ. സത്യാനന്ദ പാണ്ഡ സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായ എൽപിഎസ്‌സി–ഐഎസ്ആർഒ (തിരുവനന്തപുരം) ശാസ്ത്രജ്ഞൻ ഡോ. റെജി ജോസഫ്, മിന്ത്ര, GoCHK (ബാംഗ്ലൂർ) സ്ഥാപക ഡയറക്ടറുമായ ശ്രീ. ശങ്കർ ബോറ എന്നിവർ സംസാരിച്ചു. ഡീൻ (ഐഎസിആർ) പ്രൊഫ. എം. കെ. രവിവർമ്മ ആശംസയർപ്പിച്ചു.
വരും ദിവസങ്ങളിൽ വിപുലമായ ടെക് എക്സ്പോ, നിരവധി ശില്പശാലകൾ, ടെക് കോൺക്ലേവിന്റെ ഭാഗമായുള്ള സെഷനുകൾ എന്നിവ നടക്കും.പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു തുടങ്ങിയ പ്രമുഖർ കോൺക്ലേവിൽ പങ്കെടുക്കും. ‘റോബോവാർസ്’ ആണ് മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. കേരളത്തിൽ ആദ്യത്തേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘നെക്സസ് വിആർ അരീന’ ഈ വർഷത്തെ പുതിയ കൂട്ടിച്ചേർക്കലാണ്. ആവേശകരമായ ഓട്ടോമോട്ടീവ് ഷോ, വിവിധ ഡിസൈൻ ഷോക്കേസുകൾ, എക്സിബിഷനുകൾ, കലാപരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 26-ന് ഫെസ്റ്റ് സമാപിക്കും.

