കോഴിക്കോട്: വിജയദശമി നാളിൽ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. കുട്ടികൾക്ക് ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വൻതിരക്കാണ്. ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടക്കുന്നുണ്ട്.കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയത്. പുലർച്ചെ അഞ്ചുമുതൽ വിദ്യാരംഭം തുടങ്ങി. ഉച്ചപൂജയോടെ കൊല്ലൂരിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും.ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. തിരുവനന്തപുരം പൂജപ്പുര സ് സരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കുന്നുണ്ട്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കും.ശിവഗിരിമഠം, അരുവിപ്പുറംമഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. കോഴിക്കോട് അഴകൊടി മഹാദേവി ക്ഷേത്രം , വളയനാട് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലും എഴുത്തിനിരുത്ത് നടക്കുന്നുണ്ട്.