രാജി ആവശ്യപ്പെട്ട് കത്ത് കിട്ടിയെന്ന് കുസാറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെഎൻ മധുസൂദനൻ. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ പ്രത്യേകിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസും അറിയിച്ചു. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ്ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീഗ്.
ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവർണറുടെ നിർദേശം.