പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സിപിഐഎമ്മിൽ അച്ചടക്ക നടപടിക്ക് സാധ്യത. വിവാദം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന വിലയിരുത്തലിൽ ശിശുക്ഷേമ സമിതി സ്ഥാനത്ത്നിന്ന് ഷിജുഖാനെ നീക്കിയേക്കും. അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രനെതിരെയും നടപടിയുണ്ടാകും. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി എസ് ജയചന്ദ്രൻ.
സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഐഎമ്മിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ സിപി ഐ എം പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ അനുമപയ്ക്ക് എല്ലാവിധ പിന്തുണയും അർപ്പിച്ചുകൊണ്ട് സിപി ഐ എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കൾ രംഗത്തെത്തിയിരുന്നു. കുഞ്ഞിനെ തിരിച്ചുകിട്ടാനായി എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്ന് എ വിജയരാഘവനും ബൃന്ദ കാരാട്ടുമടക്കമുള്ള നേതാക്കൾ പറഞ്ഞിരുന്നു.
ഇതിനിടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള രേഖകളാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാട്ടാക്കടയിലെ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്.