ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരം ജയത്തോടെ തുടക്കമിടാൻ ഇന്ത്യയും പാക്കിസ്ഥാനും. രാത്രി 7.30ന് ദുബായിലാണ് മത്സരം. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്.
ക്യാപ്റ്റൻ VS ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കാം മത്സരത്തെ. ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനാണ് പാക് നായകൻ ബാബർ അസം. 2204 റൺസ് ആണ് പാക് നായകന്റെ സമ്പാദ്യം. കോലിയാകട്ടെ 90 മത്സരങ്ങളിൽ നിന്ന് 3159 റൺസ് അടിച്ചെടുത്തിട്ടുണ്ട്.
രണ്ട് ടീമുകളും ഏറെ ആത്മവിശ്വാസത്തിലാണ്. ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ ഏഴിലും ജയം സ്വന്തമാക്കിയകതിന്റെ കരുത്തിലാണ് ഇന്ത്യ. ലോകകപ്പിൽ പാകിസ്താനോട് തോറ്റിട്ടുമില്ല. കോലിക്കൊപ്പം രോഹിത് ശർമയും കെ.എൽ.രാഹുലും മിന്നിയാൽ ലോകകപ്പ് വേദിയിലെ പതിമൂന്നാം അങ്കത്തിലും ഇന്ത്യ ശോഭിക്കും. ഭുവനേശ്വർ മികവ് കണ്ടെത്തിയിട്ടില്ലെങ്കിലും ബുംറയും ഷമിയും അശ്വിനും വിക്കറ്റ് വീഴ്ത്തുമെന്ന് കണക്കുകൂട്ടുന്നു ഇന്ത്യ.
ലോക റാങ്കിംഗിൽ ഇന്ത്യ രണ്ടാമതാണെങ്കിൽ തൊട്ടുപിന്നിലുണ്ട് പാകിസ്താൻ. ട്വൻറി 20യിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്ന 2 ടീമുകളാണ് ഇന്ത്യയും പാകിസ്താനും.
ബാബർ അസമിനൊപ്പം ഫകർ സമാനും മുഹമ്മദ് റിസ്വാനുാണ് പാക് ബാറ്റിംഗ നിരയിലെ പ്രധാനികൾ. ബൗളിംഗ് നിരയിൽ ഷഹീൻ അഫ്രീദിക്കും ഹസൻ അലിക്കും ഷദബ് ഖാനും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിറപ്പിക്കാൻ കഴിയും.
മറ്റ് വേദികളേക്കാൾ ദുബായിൽ കൂടുതൽ റൺസ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇന്നലെ പങ്കുവച്ചത്. പോരാട്ടത്തിൽ നിർണായകമാവുക ബാറ്റോ ബോളോ, അതിൽ ഏതുമാവാട്ടെ.. ഇന്ത്യ-പാക് മത്സരം എന്നത് തന്നെ വികാരമാണ്. വാശിയും വീറും സ്റ്റേഡിയത്തിന് പുറത്തേക്കുമെത്തുന്ന ക്രിക്കറ്റ് യുദ്ധം.