വെട്ടിയിട്ട മുടിയെടുക്കാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായി കൊച്ചിയിലെ ബാർബർമാർ. യൂസർഫീ നൽകിയിട്ടും ഹരിതകർമ്മ സേന മുടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ, മുടിയെടുക്കാൻ അനുമതിയില്ലെന്നാണ് ഹരിതകർമ്മ സേനയുടെ വിശദീകരണം. ഓണത്തിന് മുമ്പ് വരെ തിരക്കേറിയ ബാര്‍ബര്‍ ഷോപ്പുകളില്‍ ഇപ്പോള്‍ തിരക്ക് അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും വെട്ടിയ മുടി നിറച്ചിട്ടിരിക്കുന്ന ചാക്കുകള്‍ കിടപ്പുണ്ട്. മുടിവെട്ടാൻ ഓരോ ദിവസവും നിരവധി പേര്‍ എത്തുമ്പോഴും വെട്ടിയ മുടി എങ്ങോട്ട് മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ് കടയുടമകള്‍.തൃപ്പൂണിത്തുറയിലെ രമേശന്‍റെ ബാർബർ ഷോപ്പിൽ രണ്ടു ചാക്കുകളിലായാണ് വെട്ടിയ മുടി മാറ്റിവെച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനം മുടിയെടുക്കാൻ വൈകിയതോടെയാണ് പ്രതിസന്ധിയിലായതെന്നും രണ്ട് ചാക്ക് നിറയെ മുടിയുണ്ടന്നും രമേശൻ പറഞ്ഞു. മുടിവെട്ടുന്ന കടയിലെ ഒരോ സീറ്റിനും 250 രൂപ വീതമാണ് അവര്‍ക്ക് നല്‍കുന്നത്. ഇതിനുപുറമെ ഒരു വർഷത്തേക്ക് 1200 രൂപ മുനിസിപ്പാലിറ്റിക്കും യൂസർഫീ നൽകിയിരുന്നു. എന്നാൽ മുനിസിപ്പാലിറ്റി മുടിയെടുക്കാറേയില്ല.പ്ലാസ്റ്റിക് മാലിന്യം കടയില്‍ നിന്ന് കൊണ്ടുപോകാനില്ലെന്നിരിക്കെ വെട്ടിയ മുടി എങ്കിലും എടുക്കാൻ നടപടിയുണ്ടാകണമെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകളുടെ ആവശ്യം.എന്നാല്‍, തലമുടി ഒഴികെയുളള മാലിന്യം എടുക്കാമെന്നാണ് ഹരിതകർമ്മസേനയുടെ നിലപാട്. തലമുടി സംസ്കാരിക്കാനുളള പാടാണ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, യൂസർഫീ ഈടാക്കിയാൽ സേവനം ഉറപ്പാക്കണമെന്ന സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടി നിയമപോരാട്ടത്തിലാണ് കേരള ബാർബർ ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷൻ. പ്രതിഷേധം സർക്കാരിനെയും സമരമായി ഇവര്‍ നേരത്തെ അറിയിച്ചെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.