കാസർകോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിൻ കുതിപ്പ് തുടങ്ങി. കാസർക്കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഉദ്ഘാടന യാത്രയ്ക്ക് വലിയ സ്വീകരണമാണ് കാസർക്കോട്, കണ്ണൂർ ജില്ലകളിൽ വാഹനത്തിന് ലഭിച്ചത്. തിരൂരിൽ സ്റ്റോപ്പ് ഉണ്ട് എന്ന പ്രത്യേകത കൂടിയുണ്ട് രണ്ടാം വന്ദേഭാരതിന്. സ്ഥിരം സ്റ്റോപ്പുകൾക്ക് പുറമേ ഉദ്ഘാടനദിവസമായ ഇന്ന് പയ്യന്നൂർ, തലശ്ശേരി, കായംകുളം എന്നിവിടങ്ങളിലും വണ്ടി നിർത്തും.
തിരുവനന്തപുരം – കാസർകോട് റൂട്ടിലെ വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒമ്പതു വന്ദേഭാരത് തീവണ്ടികളുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി പ്രധാനമന്ത്രി നിർവഹിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തുകൂടി ഓടുന്ന എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഏറ്റവും ചെറുതാണ് രണ്ടാം വന്ദേഭാരത്. ഏഴ് ചെയർ കാറും ഒരു എക്‌സിക്യുട്ടീവ് ചെയറുമുണ്ട്. ചെയർകാറിൽ 546 സീറ്റും എക്‌സിക്യുട്ടീവ് ക്ലാസിൽ 52 സീറ്റും. നിലവിൽ ജനറൽ റിസർവേഷനിൽ ഇത് യഥാക്രമം 352, 33 സീറ്റുകൾ വീതമാണ്. എമർജൻസി ക്വാട്ട, തത്കാൽ (96 സീറ്റ്, 11 സീറ്റ്) ഉൾപ്പെടെ ബാക്കി സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പ്രീമിയം തത്കാൽ ഇല്ല. കാസർകോട്ടുനിന്ന് ആരംഭിക്കുന്ന വണ്ടിക്ക് നിരക്ക് അൽപ്പം കൂടും. കാസർകോട്-തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. എന്നാൽ തിരുവനന്തപുരം-കാസർകോട് യാത്രയ്ക്ക് ഇത് 1515 രൂപ, 2800 രൂപ വീതമാണ്. തിരുവനന്തപുരം – കാസർകോട് റൂട്ടിന് പുറമെ, ഉദയ്‌പുർ-ജയ്‌പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ, പട്‌ന-ഹൗറ, റൂർക്കേല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് മറ്റുള്ളവ.
സർവീസ് ചൊവ്വാഴ്ചമുതൽ
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് തുടങ്ങും. ബുധനാഴ്ചയാണ് കാസർകോട്ടുനിന്നുളള സർവീസ്. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്ന് സർവീസ് നടത്തും.