സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന പോക്സോ കേസുകളിൽ വർധനവ് . അതിവേഗ പോക്‌സോ കോടതികളിൽ 8506 കേസുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍.
തിരുവനന്തപുരത്ത് 1384 കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. വിചാരണ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ കിടക്കുന്നു. മലപ്പുറത്ത് 1139 കേസുകളും എറണാകുളത്ത് 1147 കേസുകളും തീര്‍പ്പാക്കാതെ കിടക്കുന്നതായി കണക്കുകള്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന കണക്കുകള്‍ കൂടി പുറത്തുവന്നത്.
സംസ്ഥാനത്ത് കാര്യക്ഷമമായി പോക്സോ കേസുകൾ കൈകാര്യം ചെയ്യാനാണ് അതി വേഗ സ്‌പെഷ്യല്‍ കോടതികള്‍ അനുവദിച്ചത്.56 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികളാണ് അനുവദിച്ചിരുന്നത്. ഇതില്‍ 54 കോടതികള്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കോടതികളിളാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. നിരവധി ഇരകള്‍ നീതിക്കായി കാത്തിരിക്കുന്നത്.
പോക്‌സോ കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ വേണ്ടി സംസ്ഥാനത്ത് പ്രത്യേക കമ്മിറ്റികള്‍ രൂപം നല്‍കികൊണ്ട് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കേസുകള്‍ അനന്തമായി നീണ്ടുപോവുന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേസുകള്‍ കാര്യക്ഷമമായി നടപ്പാക്കുകയും അന്തിമ തീര്‍പ്പിലേക്ക് പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള വിശദീകരണം.