മോദിക്കും അമിത് ഷായ്ക്കും വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പോലും ഏറ്റെടുക്കാത്ത കൊട്ടെഷന്‍ പണിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിനെതിരെ ഏറ്റെടുത്തിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
ഭാരത് ജോഡോ യാത്ര തുടങ്ങിയത് മുതൽ ഇന്നുവരെ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിൽ അദ്ദേഹം ബി ജെ പിയെ കടന്നാക്രമിക്കുകയാണ്. അതൊന്നും മുഖ്യമന്ത്രിയുടെ ചെവിയിൽ കേൾക്കുന്നില്ല. എന്തിനാണ് മുഖ്യമന്ത്രി ഈ യാത്രയെ വിമർശിക്കുന്നത്.ഭാരത് ജോഡോ യാത്രയ്‌ക്കെതിരേ പിണറായി വിജയൻ നടത്തുന്ന വിമർശനത്തിനു പിന്നിലെ രാഷ്ട്രീയം കൃത്യമാണ്. അത് ബിജെപിയെ സുഖിപ്പിക്കാനാണ്.
കമ്മ്യൂണിസ്റ്റ് അണികൾ പോലും അവരുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന യാത്രയാണിത്. യാത്രയിൽ ഒരിക്കൽപോലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ മുദ്രാവാക്യം വിളിക്കുകയോ, അവർക്കെതിരെ സംസാരിക്കുകയോ രാഹുൽ ഗാന്ധി ചെയ്തട്ടില്ല. ദേശിയ തലത്തിൽ ബി ജെ പിയും സംഘപരിവാറും നടത്തുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ യാത്രക്കുള്ളത്.അതിനെതിരെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

