മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ജാമ്യാപേക്ഷ, അഭിഭാഷകൻ ഹാരീസ് ബീരാൻ മെൻഷൻ ചെയ്തു.ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് അറിയിച്ച കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് അറിയിച്ചു. കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് തള്ളിയിരുന്നു.എന്ത് കൊണ്ടാണ് ജാമ്യാപേക്ഷ നല്‍കാന്‍ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹൈക്കോടതി ഉത്തരവ് ലഭിക്കാന്‍ വൈകിയത് കാരണമാണ് വൈകിയതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു. തുടര്‍ന്നാണ് വെള്ളിയാഴ്ച്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അവസാന പ്രവൃത്തിദിനമാണ് വെള്ളിയാഴ്ച്ച.മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. കുറ്റപത്രം പരിശോധിക്കുമ്പോൾ ഈ വാദം നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. യുഎപിഎ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്.