സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമർശമുള്ള കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുക. ദളിത് യുവതിയെ പീഡിപ്പിച്ച ആദ്യ കേസിൽ നേരെത്തെ ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചിരുന്നു.
അതേസമയം സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി. വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാരെയാണ് സ്ഥലംമാറ്റിയത്. ഇതുസംബന്ധിച്ച ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.
കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് മാറ്റി നിയമിച്ചത്. മഞ്ചേരി ജില്ലാ ജഡ്ജിയായ എസ് മുരളീകൃഷ്ണന്‍ ആണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി പ്രദീപ്കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ സി.എസ്. മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു.