‘ആസാദ് കശ്മീർ’ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ കേസെടുത്ത് പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസ്.എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു.IPC 153 (B) സെഷൻ 2 പ്രകാരമാണ് കേസ്.ജലീൽ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ജമ്മു കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്താൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ ടി ജലീൽ കുറിപ്പിൽ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്‍റെ വിശദീകരണം.