അരീക്കോട് : വില്പനക്കായി കൊണ്ടുവന്ന 50ഗ്രാം എംഡിഎംഎയുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പിൽ പരപ്പൻ സുഹൈൽ ( 32 ), പാത്തിക്കൽ വീട്ടിൽ മുഹമ്മദ് സഫ്‌വാൻ (20) എന്നിവരാണ് പിടിയിലായത്. മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലിൽ നിന്നാണ് ഇന്നലെ വൈകീട്ടോടെ ഇവരെ പിടികൂടിയത്.
ഞായറാഴ്ച അവധിയായതിനാൽ മില്ലിൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. ഇത് അവസരമാക്കി മില്ലിൽ അധിക്രമിച്ച് കയറി മില്ലിലെ ഷഡ്ഡിൽ വച്ച് വില്പനക്കായി എംഡിഎംഎ ചെറിയ ചെറിയ പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം ഓളം എംഡിഎംഎ യും ഡിജിറ്റൽ ത്രാസ്റ്റ്, ഗ്ലാസ് ഫണൽ, നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു.
ചില്ലറ വിപണിയിൽ 2 ലക്ഷത്തോളം വില വരുന്ന ലഹരി മരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവർ വില്പനക്കായി ഉപയോഗിക്കുന്ന ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വൻ തോതിൽ ലഹരി എത്തിച്ചു നൽകുന്ന ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ലഹരിക്കടത്തിൽ നിന്നും ലഭിക്കുന്ന പണo ഉപയോഗിച്ച് ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് ഇൻസ്പക്ടർ അബ്ബാസലിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും അരീക്കോട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.