വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്ധ്രാപ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ രക്ഷകയായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്രാജന് സഹായത്തിനെത്തുകയായിരുന്നു.
ഉജേലയ്ക്ക് വയ്യാതായതോടെ യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഉണ്ടോയെന്ന് എയര്‍ഹോസ്റ്റസ് തിരക്കി. ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന ഗവര്‍ണര്‍ മുന്നോട്ടുവരികയും സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഗവര്‍ണര്‍ തനിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് തനിക്ക് ആശ്വാസം തോന്നിയത്. ഗവര്‍ണറുടെ കൃത്യസമയത്തുള്ള ഇടപെടല്‍ തന്റെ ജീവന് രക്ഷിച്ചെന്നും ഉജേല പറഞ്ഞു.
വിമാനം ഇറങ്ങിയ ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കൗണ്ട് 14,000 വരെ താഴ്ന്നിരുന്നു. ഗവര്‍ണര്‍ ഫ്ളൈറ്റില്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ജീവന് നഷ്ടമാകുമായിരുന്നുവെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് ഇദ്ദേഹം.