സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീ-പുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അര്‍ഹതയുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം. എല്ലാവരുംചേര്‍ന്ന് കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകള്‍ പിറക്കുന്നത്. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപര്‍ണ പറയുന്നു. താന്‍ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്‌ക്കേണ്ട കാര്യമില്ലെന്നും അപര്‍ണ പറഞ്ഞു.
‘എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയുമോന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കാശ് ഞാന്‍ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയില്‍ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണ്’, എന്ന് അപര്‍ണ പറഞ്ഞു.
കൂടാതെ, സ്ത്രീകള്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുംവിധം മലയാള സിനിമ ഇനിയും മാറേണ്ടതുണ്ട്. രണ്ട് ആണ്‍കഥാപാത്രങ്ങള്‍ തുല്യനിലയില്‍വരുന്ന ശക്തമായ പ്രമേയമുള്ള സിനിമകള്‍ മലയാളത്തില്‍ വരുന്നുണ്ട്. അതുപോലെ സ്ത്രീകളെയും അവതരിപ്പിക്കുന്ന സിനിമകളുണ്ടാകണം.
സൂരരൈ പോട്ര് എന്ന സിനിമയില്‍ നടന്‍ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു. ഈ സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് ലഭിക്കുമെന്നു പലരും പറഞ്ഞതോടെ നല്ല ആശങ്കയുണ്ടായിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ മലയാള സിനിമാ രംഗത്തുനിന്നടക്കം ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദിച്ചതായും അപര്‍ണ പറഞ്ഞു.