മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിൽ , ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താൻ തയ്യാറല്ലെന്നും അന്വേഷണം നേരിടുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.
തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെയെന്നുമുള്ള നിലപാടിലാണ് സുധാകരൻ.

