Kerala News

നിയമസഭാ സമ്മേളനം 27 മുതല്‍ ആരംഭിക്കും, ‘സ്‌കൂള്‍വിക്കി’ അവാര്‍ഡുകള്‍ കൈറ്റ് പ്രഖ്യാപിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 27ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 27 വരെയാണ് സമ്മേളനം. 2022-23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

2021 മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കോവിഡ് പശ്ചാത്തലമായിരുന്നിട്ടുകൂടി ഇത്രയും ദിവസങ്ങള്‍ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട പ്രകടനമാണ്. 2021 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 11 വരെ നടന്ന മൂന്നാം സമ്മേളനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. നിയമനിര്‍മ്മാണത്തിനു മാത്രമായി ചേര്‍ന്ന സമ്മേളനത്തില്‍ നിലവിലുണ്ടായിരുന്ന 34 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള 34 ബില്ലുകള്‍ സഭ ചര്‍ച്ച ചെയ്ത് പാസാക്കുകയും ഒരു ബില്‍ (2021-ലെ കേരള പൊതുജനാരോഗ്യബില്‍) വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ആകെ 21 ദിവസങ്ങളില്‍ 167 മണിക്കൂര്‍ സമയം സഭ ചേര്‍ന്നാണ് സഭ ഇത്രയധികം നിയമങ്ങള്‍ ചര്‍ച്ച ചെയ്തു പാസാക്കിയത്.

കഴിഞ്ഞ നാല് സമ്മേളനങ്ങളിലായി സഭ മൊത്തം 48 ബില്ലുകള്‍ പാസാക്കുകയും ചട്ടം 118 പ്രകാരമുള്ള നാല് ഗവണ്‍മെന്റ് പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ട് (ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘനം, കോവിഡ് വാക്സിന്‍ സൗജന്യമാക്കുക, കേന്ദ്ര വൈദ്യുതിനയം പിന്‍വലിക്കുക, എല്‍.ഐ.സി ഓഹരിവില്‍പ്പന നിര്‍ത്തിവയ്ക്കുക). കെ-റെയില്‍ പദ്ധതിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പി.സി വിഷ്ണുനാഥ് എം.എല്‍.എ ചട്ടം 30 പ്രകാരം നല്‍കിയ നോട്ടീസിലും സഭ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇന്ത്യയിലെ വനിതാ സാമാജികരുടെ ദേശീയ സമ്മേളനവും മൂന്നാം ലോക കേരള സഭയും മികച്ച രീതിയില്‍ നടത്താനായെന്നും സ്പീക്കര്‍ പറഞ്ഞു.

‘സ്‌കൂള്‍വിക്കി’ അവാര്‍ഡുകള്‍ കൈറ്റ് പ്രഖ്യാപിച്ചു, എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ഒന്നര ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

സംസ്ഥാനത്തെ സ്‌കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ലഭിച്ചു. സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകരയ്ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്. കരിപ്പൂരിനും ലഭിച്ചു. ഒന്നാം സമ്മാനാര്‍ഹര്‍ക്ക് 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ വീതവും നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കു യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. ഇതിനു പുറമെ അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫിയും പ്രശംസാ പത്രവും നല്‍കും. ജൂലൈ 1-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനും വിക്കി അഡ്മിന്‍ രഞ്ജിത് എസ് കണ്‍വീനറുമായ സമിതി അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാ തലത്തില്‍ മത്സരിച്ച 1739 സ്‌കൂളുകളില്‍ നിന്ന് ക്ലസ്റ്റര്‍ തലത്തില്‍ 346 സ്‌കൂളുകളും ഇവയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതില്‍ നിന്നാണ് അവാര്‍ഡുകള്‍ നല്‍കിയത്. സംസ്ഥാന-ജില്ല അവാര്‍ഡ് ജേതാക്കളായ 45 സ്‌കൂളുകള്‍ക്ക് പുറമെ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ച 301 സ്‌കൂളുകള്‍ക്കും കൈറ്റ് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് സജ്ജമാക്കിയ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന 6.14 ലക്ഷം താളുകളുള്ള ‘സ്‌കൂള്‍ വിക്കി’ പോര്‍ട്ടല്‍ (www.schoolwiki.in) ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവര സംഭരണിയാണ്. അന്താരാഷ്ട്ര തലത്തില്‍ 2010-ലെ സ്റ്റോക്ഹോം ചലഞ്ച് അവാര്‍ഡ് മുതല്‍ 2020ലെ ടെക്നോളജി സഭ അവാര്‍ഡ് വരെ നിരവധി ബഹുമതികള്‍ ലഭിച്ച സ്‌കൂള്‍വിക്കിയില്‍ സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെ കലോല്‍സവ രചനകള്‍, സ്‌കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകള്‍, അക്ഷരവൃക്ഷം രചനകള്‍, തിരികെ വിദ്യാലയത്തിലേക്ക് ചിത്രങ്ങള്‍ തുടങ്ങിവയും ലഭ്യമാണ്.

സ്‌കൂള്‍ വിക്കി നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കൈറ്റിന്റെ മലപ്പുറം കോര്‍ഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷിന്റെ പേരിലാണ് സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനം നല്‍കുന്നത്. സംസ്ഥാന അവാര്‍ഡില്‍ ആദ്യ രണ്ട് സ്ഥാനവും ഇത്തവണ പ്രൈമറി വിദ്യാലയങ്ങള്‍ക്കാണ്. അവാര്‍ഡ് നേടിയ സ്‌കൂളുകളുടെ പട്ടിക www.schoolwiki.in ല്‍ ലഭ്യമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!