കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷാരുഖ് സെയ്ഫിയുടെ ആവശ്യം തള്ളി എൻഐഎ കോടതി. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു പ്രതി ഷാരൂഖ് സെയ്ഫിയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഷാരൂഖിന്റെ ആവശ്യം നിരസിച്ചത്.
നിയമാനുസൃതമായി അഭിഭാഷകന് ജയിലിലെത്തി പ്രതിയെ കാണാമെന്നും സംസാരിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനുമായി സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഷാരൂഖിനെ ഓണ്‍ലൈനായി കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഷാരൂഖ് സെയ്ഫി ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്.
അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും നോട്ടീസില്ലാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം ചോദ്യം ചെയ്യുന്നുവെന്നുമായിരുന്നു പ്രതിയുടെ പരാതി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്റെ സുഹൃത്ത് മുഹമ്മദ് മോനിസിന്റെ പിതാവ് മുഹമ്മദ് ഷാരൂഖ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് എന്‍ഐഎ കാരണമാണെന്ന ആരോപണവും ഷാരൂഖ് ഉന്നയിച്ചിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുന്നത്. ട്രെയിൻ ആക്രമണത്തിന് പ്രതി കേരളം തെരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ടെന്നാണ് എൻഐഎ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. ട്രെയിൻ തീവെച്ച സംഭവത്തിൽ ആസൂത്രിത സ്വഭാവമുണ്ട് അതിനാൽ പ്രതിയായ ഷാരുഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് എൻഐഎയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

