തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏർപ്പെടുത്തുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികളുടെ സുരക്ഷ ദിവസങ്ങള്‍ക്കു മുൻപ് എസ്പിജി ഏറ്റെടുത്തു. നൂറോളം പേരടങ്ങുന്ന എസ്പിജി സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമെത്തി.
കേരള പൊലീസിന്റെ കമാൻഡോ സംഘവും വേദികൾക്കു പുറത്ത് സുരക്ഷയൊരുക്കും. വിവിധ തലങ്ങളിൽ 2050 പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചിയിൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വിന്യസിച്ചത്. കൊച്ചി തീരദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി. ഞായറാഴ്ച നടത്തിയ ട്രയൽ റൺ ഉൾപ്പെടെ വിലയിരുത്തി പഴുതടച്ച സുരക്ഷയാണ് കൊച്ചിയിൽ ഏർപ്പെടുത്തിയത്.