ഒമാനിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരന്‍ മരിച്ചു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ ആണ് സംഭവം. അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൂടുതൽ വിവിരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ശക്തമായ മഴ തുടരുന്നതിനാൽ വെള്ളക്കെട്ടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ദുരന്ത സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിലേറെയായി ഒമാൻ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് രാത്രി വരെ എല്ലാ ഗവർണറേറ്റുകളിലും മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വരെ ഓൺലൈൻ പഠനം ഏർപ്പെടുത്തി. യുഎഇയിലും രാവിലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചു. മോശം കാലാവസ്ഥ വിമാനസർവീസുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ നേരത്തെ എയർപോർട്ടിൽ എത്തണമെന്ന് വിവിധ എയർലൈനുകൾ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഒമാനിൽ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിൻ്റെ മൃതദേഹം കണ്ടെത്തി. തെക്കൻ ബാത്തിനായിലെ ബർക്ക വിലായത്തിൽ ശനിയാഴ്ചയായിരുന്നു വാഹനം ഒഴുക്കിൽപെട്ടുള്ള അപകടം. പാലക്കാട് തൃത്താല സ്വദേശി യൂസഫ്, ഷംല എന്നിവരുടെ മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഒന്നരദിവസം നീണ്ട തെരച്ചിലിൽ ആണ് റംലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. റംലത്തിന്റെയും യൂസുഫിന്റെയും മൃതദേഹം ഒമാനിലെ ബർകയിൽ ഖബറടക്കും. അതിനിടെ ഒമാനിലെ ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു. കൊല്ലം പനയം കണ്ടാച്ചിറ സ്വദേശി മഹേഷ് കുമാർ ആണ് മരിച്ചത്.

