കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തിൽ. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്. ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ് വിവരം. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിച്ചതോടുകൂടിയാണ് പ്രതിഷേധം ഉയർന്നിരുന്നു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പൊലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ആദ്യഘട്ടത്തിൽ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുള്ളയാൾ കോമരങ്ങളെ മർദിക്കുന്നത് കണ്ടപ്പോൾ ആശയക്കുഴപ്പമുണ്ടായി. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്.

