മോഹൻലാൽ നടനിൽ നിന്ന് സംവിധായകനിലേക്ക് കടക്കുന്ന സിനിമയാണ് ‘ബറോസ്’എന്ന ത്രീഡി ചിത്രം. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തി. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്. മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.