സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31 നകം വീടുകളില്‍ എത്തിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.
ഹോം ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നീതി സ്റ്റോറുകള്‍ മുഖാന്തരം വീടുകളില്‍ എത്തിച്ചു നല്‍കും.
സഹകരണ ബാങ്കുകളിലെ വായ്പക്കാര്‍ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. ചെറുകിട വായ്പാകുടിശികക്കാരെ വീടുകളില്‍ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. സഹകരണ സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, അവയുടെ ശാഖകള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകും.