Kerala News

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ ചര്‍ച്ച് ചെയ്താല്‍ പുതിയ കാര്യങ്ങള്‍ പുറത്തുവരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു;വി ഡി സതീശൻ

സ്വര്‍ണക്കടത്ത് കേസിലെ പ്രതി നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് അടിസ്ഥാനരഹിതമായ കാരണങ്ങള്‍ നിരത്തിയാണ് സ്പീക്കര്‍ തള്ളിയതെന്ന് വി ഡി സതീശൻ. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയുടെ പരിഗണനയിലാണെന്നും അടിയന്തിര പ്രാധാന്യമില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. സ്പീക്കറുടെ ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കോടതിയില്‍ നിലവിലിരിക്കുന്ന കേസുകള്‍ ഇതിന് മുന്‍പും നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അര ഡസനിലധികം തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. ബാര്‍ കോഴ കേസും സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് അപ്രിയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ ചര്‍ച്ച് ചെയ്താല്‍ പുതിയ കാര്യങ്ങള്‍ പുറത്തുവരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ചര്‍ച്ചയെ മുഖ്യമന്ത്രിക്ക് ഭയമാണ്. നിരപരാധിയാണെങ്കില്‍ മറുപടി പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് ലഭിക്കും. എന്നാല്‍ അത് ചര്‍ച്ച ചെയ്യപ്പെടരുതെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്.

ജയിലില്‍ കിടക്കുമ്പോള്‍ പുറത്തുവന്ന രണ്ട് ഓഡിയോ ടേപ്പുകള്‍ സംബന്ധച്ച് ഗുരുതര വെളിപ്പെടുത്തലാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി നടത്തിയിരിക്കുന്നത്. ആ രണ്ട് ഓഡിയോ ടേപ്പുകളും ജയിലിലെ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി കൃത്രിമമായി തയാറാക്കിയതാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരായി തെളിവുകള്‍ നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ടേപ്പിലുണ്ടായിരുന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നൂവെന്ന് പ്രതിയെക്കൊണ്ട് പറയിക്കാന്‍ ഒരു ഗൂഡാലോചനയും നാടകവും സ്‌ക്രിപ്റ്റ് തയാറാക്കലും നടന്നിട്ടുണ്ട്. ഇതിനായി ശിവശങ്കര്‍ ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഡാലോചന നടന്നത്. 2020 നവംബര്‍ 18 നാണ് രണ്ടാമത്തെ ടേപ്പ് പുറത്തുവന്നത്. ഇതിന് മുന്‍പ് പ്രതി കസ്റ്റംസ് ആക്ടിലെ 108 അനുസരിച്ച് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രി ഫോറിന്‍ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണമുണ്ട്. ആ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഷോ കേസ് നോട്ടീസ് നല്‍കിയത് കസ്റ്റംസ് ഡയറക്ടര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കസ്റ്റംസും ഇ.ഡിയും എന്‍.ഐ.എയും നടത്തിക്കൊണ്ടിരുന്ന അന്വേഷണങ്ങള്‍ നിലച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി സി.പി.എം നടത്തിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചതും സത്യവാങ്മൂലം നല്‍കിയ കസ്റ്റംസ് ഡയറക്ടറെ സ്ഥലം മാറ്റിയതും. പ്രതി നല്‍കിയ കുറ്റ സമ്മത മൊഴിയുമായും ഷോകോസ് നോട്ടീസുമായും ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം നിലച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാക്കിയ ബി.ജെ.പി- സി.പി.എം ബാന്ധവത്തിന്റെ ഭാഗമായാണ്. സത്യത്തെ അധികനാള്‍ മൂടിവയ്ക്കാനാകില്ല. എല്ലാ ഇരുമ്പ് മറകളും ഭേദിച്ച് പുറത്ത് വരും.

ലൈഫ് മിഷന്‍ കേസില്‍ 20 കോടി രൂപ ഗള്‍ഫില്‍ നിന്നും ലഭിച്ചപ്പോള്‍ ഒന്‍പതേകാല്‍ കോടി രൂപ കമ്മീഷന്‍ ലഭിച്ചെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ആ ആരോപണം ശെരിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി വാങ്ങിയ കമ്മീഷന്‍ പണമാണ് ലോക്കറില്‍ ഉണ്ടായിരുന്നതെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ബിസ്‌ക്കറ്റ് വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ പോലും അറസ്റ്റു ചെയ്യുന്ന ലോക് ഡൗണ്‍ കാലത്ത് 800 കിലോ മീറ്റര്‍ യാത്ര ചെയ്ത് പ്രതിക്ക് രക്ഷപെടാനുള്ള സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് വഴിവിട്ടാണെന്നും ആദ്യം നിയമിക്കാന്‍ തയാറാകാതിരുന്ന കണ്‍സള്‍ട്ടന്‍സിയെ മാറ്റിയെന്നും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. ഇതിനെല്ലാം പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വ്യക്തമായിട്ടുണ്ട്. സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് പുസ്തകം എഴുതിയ ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. മാധ്യമങ്ങള്‍ക്കു നേരെയാണ് മുഖ്യമന്ത്രി കയര്‍ത്തത്. അനുമതി ഇല്ലതെ പുസ്തകം എഴുതിയതിന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ന്യായീകരിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെ സംരക്ഷിക്കുകയാണ്. ഇത് ഇരട്ട നീതിയാണ്. ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് അടിയന്തിര പ്രമേയം അനുവദിക്കാതിരുന്നത്. എന്നാല്‍ ഈ വിഷയങ്ങള്‍ പ്രതിപക്ഷം ജനങ്ങളോട് പറയും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളരുതായ്മകളും സാമ്പത്തിക അഴിമതികളും ഒന്നൊന്നായി പുറത്തുവരും.

കഴിഞ്ഞ കുറേക്കാലമായി ഒരു ആരോപണങ്ങള്‍ക്കും മറുപടി പറയാത്ത മുഖ്യമന്ത്രി മൗനം ആയുധമാക്കിയിരിക്കുകയാണ്. മറുപടി പറയാനില്ലാത്തപ്പോള്‍ പിന്നിലുള്ള ആളുകളെക്കൊണ്ട് ബഹളമുണ്ടാക്കിക്കും. സോളാര്‍ കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലില്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാത്തത്. ഇത് ഇരട്ടത്താപ്പാണ്. സോളാര്‍ കേസില്‍ അഞ്ച് വര്‍ഷം തലകുത്തി നിന്ന് പൊലീസ് അന്വേഷണം നടത്തിയിട്ടും മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി. ഇതേത്തുടര്‍ന്ന് ഇവരെ വീണ്ടും ഇരുട്ടില്‍ നിര്‍ത്താനാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കുഞ്ഞുങ്ങളെ കൊന്ന കേസുകളിലുള്‍പ്പെടെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടു വരും. ഉമ്മന്‍ ചാണ്ടിയ പോലുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ ഇരുട്ടില്‍ നിര്‍ത്താന്‍ ഇവര്‍ക്കി സി.ബി.ഐയെ വിശ്വാസമാണ്. സ്വര്‍ണക്കടത്ത് പ്രതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് നിയമസഭയില്‍ പോലും സംസാരിക്കാന്‍ പാടില്ലെന്നത് ജനാധിപത്യ വിരുദ്ധവും ഇരട്ടത്താപ്പുമാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എങ്ങനെ ജയിലിലാക്കാമെന്ന ഗവേഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!