തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതർ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. അതേസമയം, കുട്ടിക്ക് മര്‍ദ്ദനമേറ്റതിൽ ദുരൂഹത തുടരുകയാണ്.
കുട്ടി സ്വയം വരുത്തി വെച്ച പരിക്കെന്ന് അമ്മ ഉൾപ്പടെയുള്ള ബന്ധുക്കൾ ആവർത്തിക്കുമ്പോൾ പൊലീസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, പൊലീസിന് മുൻപാകെ ഹാജരാകുമെന്ന് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ടിജിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.