ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ വാഹനം മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് വാഹനം കൈമാറാത്തത്.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് അമല്‍ പറയുന്നത്.മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞു മീഡിയവണിനോട് ആയിരുന്നു പ്രതികരണം.
ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.
ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബർ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഥാര്‍ ഇതുവരെ കൈമാറിയിട്ടില്ല.
15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.