നിയമസഭയില്‍ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍. രണ്ട് തവണ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം ഉയര്‍ത്തി സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസമായിരുന്നു നിയമസഭാ സ്പീക്കര്‍ പിസി ജോര്‍ജിനെ ശാസിച്ചത്. കന്യാസ്ത്രീകള്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2013 ല്‍ കെആര്‍ ഗൗരിയമ്മയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോഴും പിസി ജോര്‍ജിനെ സഭ ശാസിച്ചു.
അന്ന് കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഒന്നിലധികം ശാസന ഏറ്റുവാങ്ങിയ ഒരാള്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ യോഗ്യനല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു.
ആക്രമത്തിനിരയായ നടിക്കെതിരെ അപകീര്‍ത്തികരമായി സംസാരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും പിസി ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു.

