ഐ.പി.എൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും.കോടികളുടെ പകിട്ടുള്ള ലേലം ഇതാദ്യമായാണ് കേരളത്തിൽ നടക്കുന്നത്.ആകെ 87 കളിക്കാരെയാണ് 10 ടീമുകൾക്ക് വേണ്ടത്.ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്ടൻ ബെൻസ്‌റ്റോക്ക് അടക്കമുള്ളവർക്കായി വാശിയേറിയ പോരാട്ടമാവും നടക്കുക.
405 താരങ്ങൾ ഉൾക്കൊള്ളുന്ന ലേല പട്ടികയിൽ 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്.ഇന്ത്യൻ താരങ്ങളിൽ 10 മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.10 ടീമുകൾക്കായി 87 കളിക്കാരെയാണ് കണ്ടെത്തേണ്ടത്.രണ്ടുകോടി രൂപ അടിസ്ഥാന മൂല്യമുള്ള 21 കളിക്കാരാണ് ലേലത്തിനുള്ളത്.പത്തു പേർക്ക് ഒന്നരക്കോടിയും 24 പേർക്ക് ഒരുകോടിയും അടിസ്ഥാനമൂല്യമുണ്ട്.
ഇംഗ്ലണ്ട് സൂപ്പർതാരം ബെൻസ്റ്റോക്ക്‌സ്,സാംകറൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കമാറൂൺ ഗ്രീൻ,ന്യൂസിലാൻഡ് ക്യാപ്ടൻ കെയിൻ വില്യംസൺ എന്നിവർക്കായി വാശിയേറിയ പോരാട്ടം നടക്കും.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പൂരാൻ എന്നിവർക്കുവേണ്ടിയും ആവശ്യക്കാരേറെയുണ്ടാകും.
ഇന്ത്യൻ താരങ്ങളിൽ മുമ്പൻ കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ നായകനായിരുന്ന മായങ്ക് ആഗർവാളാണ്. മനീഷ് പാണ്ഡെയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഒരു കോടി രൂപയാണ് ഇരുവരുടെ അടിസ്ഥാന വില. പത്ത് മലയാളി താരങ്ങളും ഇത്തവണ ലേലത്തിനുണ്ട്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ.എം ആസിഫ്, എസ് മിഥുൻ, സച്ചിൻ ബേബി, ഷോൺ റോജർ, വിഷ്ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അബ്ദുൾ ബാസിദ് എന്നിവരാണ് ലേലത്തിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾ.ഹ്യൂ എഡ്മിഡ്സ് ആണ് ലേല നടപടികൾ നിയന്ത്രിയ്ക്കുന്നത്.
നിലവിൽ ഐപിഎല്ലിൽ ടീമില്ലാത്ത കൊച്ചിയിൽ താരലേലം നടക്കുന്നത് ഇതാദ്യമായാണ്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് 2.30നാണ് 7 മണിക്കൂർ നീളുന്ന ലേല നടപടികളുടെ തുടക്കം. ബിസിസിഐ, ഐപിഎൽ ഭാരവാഹികളും ഐപിഎൽ ടീമുകളുടെ ഭാഗമായ പ്രമുഖരും ലേലത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തി. സ്റ്റാർ സ്പോർട്സ് ചാനലിലും വയാകോം 18ലും ജിയോ സിനിമയിലും ലേലം തൽസമയം സംപ്രേഷണം ചെയ്യും.