തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ തോരണം കുടുങ്ങി പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂർ കോർപ്പറേഷൻ സെകട്ടറി ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും.ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടറി ഹൈകോടതിയിലെത്തുക.സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം സമർപ്പിക്കും. അയ്യന്തോൾ/പുഴക്കൽ റോഡിൽ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണതെന്നും ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെതാണെന്നുമാണ് കോർപറേഷന്റെ വാദം. കിസാൻ സഭയ്ക്ക് തോരണം കെട്ടാൻ അനുമതി നൽകിയിരുന്നില്ല. ഫ്ലക്സ് വെക്കാൻ മാത്രമായിരുന്നു അനുമതി നൽകിയതെന്നും കോർപറേഷൻ കോടതിയിൽ വ്യക്തമാക്കും. അഭിഭാഷകയുടെ പരാതിയിൽ ആരാണ് കൊടി കെട്ടിയത് എന്നില്ല. അക്കാര്യത്തിലുള്ള വിശദീകരണത്തിനാണ് മൊഴി നൽകാൻ നോട്ടീസ് നൽകിയത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ കർശനമാക്കും.അയ്യന്തോൾ- സിവിൽലൈൻ റോഡിൽ തോരണംകെട്ടിയ പ്ലാസ്റ്റിക് ചരട് കുരുങ്ങിയാണ് സ്കൂട്ടർ യാത്രക്കാരിയായ അഭിഭാഷകയ്ക്ക് കഴുത്തിൽ മുറിവേറ്റത്. തൃശൂർ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ അഡ്വ. കുക്കു ദേവകി(48)യുടെ കഴുത്തിലാണ് ചരട് വരഞ്ഞ് മുറിവേറ്റത്. തിങ്കളാഴ്ച രാവിലെ ചുങ്കം സ്റ്റോപ്പിന് തൊട്ടുമുൻപായി ഡിവൈഡറിന് മുകളിലൂടെ കെട്ടിയിരുന്ന തോരണം കാറ്റിൽ പാറിവീണാണ് ചരട് കഴുത്തിൽ കുരുങ്ങിയത്.