
കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിയുടെയും സ്ത്രീയുടെയും കൂടെ എക്കാലത്തും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകിയെന്നും അദ്ദേഹം കുറിച്ചു.
മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു.കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്‌കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

