ചെന്നൈ: സ്വന്തം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് പൊലീസിൽ വിളിച്ച് പറഞ്ഞ സംഘപരിവാർ സംഘടന പ്രവർത്തകൻ അറസ്റ്റിൽ. ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗൺ സെക്രട്ടറി ചക്രപാണിയാണ് (40)അറസ്റ്റിലായത്. സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പൊലീസിനോട് സമ്മതിച്ചു. ബോംബാക്രമണമുണ്ടായാൽ ജീവന് ഭീഷണിയുണ്ടെന്ന പേരിൽ പൊലീസിൽ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് കൃത്യം നടത്തിയതെന്നും ചക്രപാണി മൊഴി നൽകി. നവംബർ 21ന് പുലർച്ചെ ഒരു സംഘം ആളുകളെത്തി തന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞെന്നാണ് ഇയാൾ പൊലീസിനെ വിളിച്ചറിയിച്ചത്. ഇതേ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെി.
വിവരം അറിഞ്ഞ സ്ഥലത്തെത്തിയ ഹിന്ദു മുന്നണി പ്രവർത്തകർ ചക്രപാണിയുടെ വീടിന് മുന്നിലെത്തി പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. ഇതിനിടെ ഫോറൻസിക് സംഘം നടത്തിയ വിശദമായ പരിശോധനയിൽ പെട്രോൾ നിറച്ച കുപ്പിയിലെ തിരികൾ നിർമ്മിക്കാനുപയോഗിച്ച തുണി ചക്രപാണിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചക്രപാണി കുറ്റം സമ്മതിച്ചത്.