ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ 2021 മുതല്‍ 2024 വര്‍ഷങ്ങളിലേക്കുള്ള കമ്മറ്റി രൂപീകരിച്ചു. കെകെ ഭരതന്‍ പ്രസിഡന്റായും എം ഛത്രസാല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അശോകന്‍ കെ, അനൂപ് എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും സൂരജ് എംവി, ബാലന്‍ എന്‍എം എന്നിവര്‍ വൈസ് പ്രസിഡന്റ്മാരായും സത്യ സുധീര്‍ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടു. മനു പറപ്പൂര്, അഭിലാഷ്, നിതിന്‍, അരുണ്‍, ഗിരീശന്‍ പിപി, അനീഷ് ടി, രശില്‍ ടിപി എന്നിവരാണ് മെമ്പര്‍മാര്‍.
കലാസമിതിയുടെ പ്രാരംഭം മുതല്‍ പ്രവര്‍ത്തിക്കുകയും തന്റെ നിരന്തരമായ പരിശ്രമത്തിലൂടെ സമിതിക്കുവേണ്ടി സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാനും തിറയാട്ട കലാകാരന്മാരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ഏകോപന സമിതി രൂപീകരിക്കുകയും ചെയ്ത ചിദംബരന്‍ കാരയില്‍ എന്ന വ്യക്തിയുടെ അകാല നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അനുസ്മരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനം ചാത്തമംഗലം പഞ്ചായത്ത് മെമ്പര്‍ ഷീസ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
കൂടാതെ അനുഷ്ഠാനകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച, ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അശോകന്‍ ആശാന്റെ സപ്തതി ആഘോഷം കലാസമിതിയില്‍ വെച്ച് നടത്തപ്പെട്ടു. മെമ്പര്‍ ഷീസ സുനില്‍കുമാര്‍ അശോകന്‍ ആശാനെ പൊന്നാടയണിയിച്ചു. വാദ്യകലാ രംഗത്തെ പ്രഗത്ഭനായ വെളിമുക്ക് ശ്രീധരന്‍ ആശാനും മറ്റ് മുതിര്‍ന്ന കലാകാരന്മാരും കലാസമിതിയിലെ പ്രവര്‍ത്തകരും ആശംസകള്‍ അര്‍പ്പിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടക്കുന്ന അനുഷ്ഠാന കലാരൂപങ്ങള്‍ കാവുകളില്‍ കെട്ടിയാടാനും കലാകാരന്മാരുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് സഹായമേകണമെന്നും സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.