കോവിഡ് കാലത്ത് കേരളത്തിലെ ജനനനിരക്കില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍. 2021ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ വലിയ ഇടിവാണ് ജനനനിരക്കില്‍ ഉണ്ടായതെന്ന് സംസ്ഥാന ചീഫ് രജിസ്ട്രാറിന്റെ ജനന മരണ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാമാരിയെ തുടര്‍ന്ന് ഒരുപാട് പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചു എത്തുകയും വര്‍ക്ക് ഫ്രം ഹോം വ്യാപകമാവുകയും ചെയ്ത സമയത്ത് തന്നെയാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്.
ജനനസംഖ്യയില്‍ കുത്തനെ ഇടിവുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതില്‍ ഈ വര്‍ഷത്തെ ഇടിവാണ് ഏറ്റവും വലുത്. കോവിഡിന് മുന്‍പുള്ള വര്‍ഷം 4.80 ലക്ഷം കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇത് 2020ല്‍ 4.53 ലക്ഷമായി കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 2.17 ലക്ഷം മാത്രാമാണ് രജിസ്റ്റര്‍ ചെയ്തത്.
ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍, രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ കുറഞ്ഞ എണ്ണം 27,534 (ഫെബ്രുവരിയില്‍) മുതല്‍ ഉയര്‍ന്നത് 32,969 (ജൂണ്‍) വരെയായിരുന്നു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇത് ശരാശരി 10,000 ആയി. ഇതില്‍ സെപ്റ്റംബറില്‍ 12,227 ജനനമാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ആയിരിക്കും 2021ലേത് എന്നാണ് വിദഗ്ദര്‍ അഭിപ്രയപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യശാസ്ത്രത്തില്‍ ഇത് സ്വാധീനം ചെലുത്തുമെന്നും വിലയിരുത്തുന്നു.
2010ല്‍ കേരളത്തില്‍ 5.46 ലക്ഷം ജനനമാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഇത് 5.6 ലക്ഷമായി ഉയര്‍ന്നു. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇതില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ 2016ലും 2017ലും ഇതില്‍ ചെറിയ വര്‍ധനവുണ്ടായി.
കേരളത്തിന്റെ ഗ്രാമ, നഗര മേഖലകളില്‍ നിന്നും നൂറ് ശതമാനം ജനനങ്ങളും രജിസ്റ്റര്‍ ചെയ്യാറുണ്ട്. ഇതില്‍ 98.96 ശതമാനവും ആശുപത്രിയില്‍ നടക്കുന്നവയാണ്, 87.03 ശതമാനം ജനനവും 21 ദിവസത്തിനുള്ളിലും രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ട്.
നോര്‍ക്കയുടെ കണക്ക് പ്രകാരം 2020 മെയ് മുതല്‍ 13 മാസത്തിനിടയില്‍ 14.63 ലക്ഷം പ്രവാസികളാണ് കേരളത്തിലേക്ക് വന്നത്. ഇതില്‍ കൂടുതല്‍ പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായിരുന്നു.

