കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശ്ശൂര്‍ ജില്ലയിലെ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ മറ്റ് 15 സഹകരണ ബാങ്കുകളില്‍ കൂടി ഗുരുതര ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകലീലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന് സഹകരണവകുപ്പ് ഉത്തരവിട്ടു. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതികള്‍ നിലനില്‍ക്കുന്ന ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സമീപ സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് പുറത്ത് വന്നത്. വായ്പ നല്‍കിയതിലെ ക്രമക്കേടും, അനര്‍ഹമായി മറ്റ് സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ചതുമുള്‍പ്പടെയാണ് കണ്ടെത്തല്‍. പൂട്ടിപ്പോയ സഹകരണ സംഘങ്ങള്‍ക്ക് അനധികൃതമായി ലക്ഷങ്ങള്‍ സഹായം നല്‍കിയ നാല് സഹകരണ ബാങ്കുകളിലും അന്വേഷണം നടക്കുന്നുണ്ട്.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സഹകരണ ഉദ്യോഗസ്ഥര്‍ക്ക് ജൂഡീഷ്യന്‍ പദവിയോടുള്ള അധികാരം നല്‍കുന്ന വകുപ്പാണ് 65. ഏത് തരം തെളിവ് ശേഖരിക്കാനും ഇതിനായി ആരേയും സമന്‍സ് അയച്ച് വിളിച്ചുവരുത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അന്വേഷണം ആറ് മാസത്തിലധികം നീളും. ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.