സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.
യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കോണ്‍സുല്‍ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് സ്വപ്‍ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. ഇതുസംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി. സ്വപ്‍നയുടെയും സരിതിന്‍റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പാർട്ടിലാണ് കസ്റ്റംസ് വെളിപ്പെടുത്തൽ. പ്രതികളെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. എൻഫോഴ്‍സ്‍മെന്‍റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തുന്നത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് ജയിൽ മേധാവിയുടെ അനുമതി തേടും.