വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി. പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ സജ്ജമാണ്. വിവിധ ജില്ലകളിൽ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമർപ്പിക്കും.സോണിയ ഗാന്ധിക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.