പീഡനക്കേസിനെ തുടർന്ന് കെപിസിസിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ.പാർട്ടി നടപടിയിൽ ദുഃഖമുണ്ടെന്നും എന്നാൽ നടപടി പൂർണമായും അംഗീകരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഒരു കുറ്റവും താൻ ചെയ്തിട്ടില്ല. നിരപരാധിത്വം പൊതുസമൂഹത്തിലും പാർട്ടിയിലും തെളിയിക്കും. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്.