കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കഴുത്തറുക്കാൻ ശ്യാംജിത് ഉപയോഗിച്ച കത്തി സ്വയം നിർമിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. ചുറ്റിക, കത്തി, സ്കൂഡ്രൈവർ തുടങ്ങിയവ ബാഗിലാക്കി വീടിനു സമീപത്തെ കുളത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങൾ പുറത്തെടുത്തത്. വിഷ്ണുപ്രിയയെ അടിക്കാനുപയോഗിച്ച ചുറ്റികയും കുത്താനുപയോഗിച്ച ഇരുമ്പിന്റെ കമ്പിയും കടയിൽ നിന്ന് വാങ്ങുകയായിരുന്നു.ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിംകാർഡുകൾ കണ്ടെടുത്തു.വീടിന് സമീപമുള്ള ഒരു ചതിപ്പിൽ ബാഗിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങൾ. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗിൽ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ കൊലപാതകം തടയാൻ വിഷ്ണുപ്രിയ ശ്രമിച്ചാൽ അത് തടയാൻ മുഖത്തെറിയാൻ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗിൽ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പിൽ താഴ്ത്തുകയായിരുന്നു.
കൊലക്ക് ശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച് പ്രതി അച്ഛൻ്റെ ഹോട്ടലിൽ പോയി ഭക്ഷണം വിളമ്പാൻ സഹായിച്ചു. ഇതിന് ശേഷമാണ് വീടിനടുത്ത് നിന്ന് ഇയാൾ പിടിയിലായത്. പൊലീസ് അന്വേഷണം വഴി തിരിച്ച് വിടാനും പ്രതി ശ്രമിച്ചു. ഇതിനായി ബാർബർ ഷോപ്പിൽ നിന്നും ഒരു കെട്ട് മുടിയെടുത്ത് ബാഗിലിട്ടു. ഡിഎൻഎ പരിശോധന നടത്തുമ്പോൾ പൊലീസിനെ കുഴക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു.ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ 10 മണിക്ക് പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്