ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 41ആം മത്സരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. ഈ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും മുംബൈ ഇറങ്ങുക. അതേസമയം, പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം അഭിമാന പ്രശ്നമാണ്.
കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും മുംബൈ ഇന്ത്യൻസ് ശക്തരായ ടീം തന്നെയാണ്. രണ്ട് സൂപ്പർ ഓവറുകൾക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്മാർ പഞ്ചാബിനോട് തോൽവി സമ്മതിച്ചത്. ടീമിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും പാറ്റിൻസണു വിശ്രമം നൽകി കോൾട്ടർനൈലിനെ ടീമിൽ ഉൾപ്പെടുത്തിയത് കാര്യമായി വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പാറ്റിൻസണിനെ തിരികെ കൊണ്ടുവരികയോ മിച്ചൽ മക്ലാനഗനെ പരീക്ഷിക്കുകയോ ചെയ്തേക്കാം. രോഹിതിനു പരുക്കാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. രോഹിത് പുറത്തിരുന്നാൽ സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത ഓസീസ് ഓപ്പണർ ക്രിസ് ലിൻ ഇന്ന് മുംബൈക്കായി അരങ്ങേറിയേക്കും. ജെയിംസ് പാറ്റിൻസണിൻ്റെ വർക്ക്ലോഡ് കുറയ്ക്കുന്നതിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ടീമിൽ ഉൾപ്പെടുത്തിയ നതാൻ കോൾട്ടർനൈലിനു പകരം ധവാൽ കുൽക്കർണി കളിച്ചേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ പൊള്ളാർഡ് മുംബൈ ടീമിനെ നയിക്കും.
ചെന്നൈ സൂപ്പർ കിംഗ്സ് ചരിത്രത്തിൽ ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്നത്തിലാണ്. 10 മത്സരങ്ങൾ കളിച്ചപ്പോൾ ചെന്നൈ ആകെ 3 മത്സരങ്ങളിലാണ് ജയിച്ചത്. 6 പോയിൻ്റുകൾ മാത്രമുള്ള ചെന്നൈ നിലവിൽ പട്ടികയിൽ അവസാന സ്ഥാനത്താണ്. കേദാർ ജാദവ് ഇന്ന് മിക്കവാറും പുറത്തിരിക്കും. പകരം ഋതുരാജ് ഗെയ്ക്വാദോ എൻ ജഗദീശനോ കളിച്ചേക്കാം. വരും മത്സരങ്ങളിൽ ടീം ഇലവനിൽ മാറ്റമുണ്ടാവുമെന്ന് ധോണി അറിയിച്ചതു കൊണ്ട് തന്നെ കൂടുതൽ താരങ്ങൾ കളിച്ചേക്കാം. ഇമ്രാൻ താഹിറിനും ഇന്ന് അവസരം ലഭിക്കാനിടയുണ്ട്.