മലയാള സിനിമയുടെ കാരണവര്‍ മധു നവതിയുടെ നിറവില്‍ ആണ് ഇന്ന്. മാധവൻ നായർ എന്ന മധുവിനെ മധു എന്ന് വിളിച്ചത് പി. ഭാസ്കരൻ മാഷാണ്. മധു എന്ന രണ്ടക്ഷരം പിന്നീട് മലയാള സിനിമയോളം വളർന്നു. മലയാളികളുടെ പ്രിയപ്പെട്ട മധുവിന് നവതി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക് പേജ് വഴിയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. സിനിമയുടെ വ്യത്യസ്ത കാലങ്ങളെ മധു എന്ന മഹാനടൻ അടയാളപ്പെടുത്തി. മലയാള സിനിമയുടെ തന്നെ കഥയും തിരക്കഥയും വഴിമാറി ഒഴുകി തുടങ്ങുകയും അതുവഴി ചരിത്രപരമായ ഗതിമാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത കലഘട്ടത്തിന്റെ പ്രതിനിധിയാണ് മധു. അന്നും ഇന്നും എന്നും മധുവിന് തുല്യം മധു മാത്രം എന്നാണ് വി ഡി സതീശൻ കുറിച്ചത്. പൊട്ടിത്തെറിക്കുന്ന ക്ഷുഭിത യൗവനം, പ്രണയത്തിന്റെ തീക്ഷ്ണതയും വിരഹത്തിന്റ ആർദ്രതയും നിറഞ്ഞ കാമുകൻ, ചങ്കുറപ്പുള്ള നായകൻ, പ്രതിനായകൻ, തലയെടുപ്പുള്ള കാരണവർ… അങ്ങനെ എത്രയെത്ര വേഷങ്ങൾ. സംവിധായകൻ, നിർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച സകലകലാ വല്ലഭൻ എന്നാണ് മധുവിനെ പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായിട്ടാണ് ജനിച്ചത്. സത്യനും നസീറും താരപ്രഭ ചിതറിനിന്ന സിനിമാ സങ്കല്‍പ്പങ്ങളിലേക്ക് ഉറച്ച ചുവടുകളുമായി മധു കടന്നു വന്നു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മധുവിനെ തേടി പിന്നീട് സിനിമകളുടെ പ്രവാഹമായിരുന്നു.വിഷാദ ഛായയുടെ ആവിഷ്‌കാരത്തിലൂടെ മധുവിന്റെ മുഖം മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞു.മലയാളത്തിന്റെ ഒരേയൊരു മധുവിന് നവതിയുടെ ധന്യത. പ്രിയപ്പെട്ട മധു സാറിന് നവതി ആശംസകൾ എന്ന വരികളോടെ വി ഡി സതീശൻ പിറന്നാൾ ആശംസകളുടെ കുറിപ്പ് അവസാനിപ്പിച്ചു.
നടൻ മധുവിന് ഇന്ന് നവതി; ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ്

