പുതുതായി ചുമതലയേല്‍ക്കുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉള്‍പ്പടെയുള്ളവ ഇന്‍സ്പെക്ടര്‍മാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരെപ്പോലെ മോട്ടോര്‍ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്‌സ് ആണ്, യൂണിഫോം ധരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷകരില്‍ ഒരാളായി മാറുന്നതിന് തുല്യമാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും കരുത്തുള്ളവരായിരിക്കണം ഓരോ ഉദ്യോഗസ്ഥരും. പുതിയ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനവും കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകളില്‍ 10 മുതല്‍ 20 ദിവസം വരെ നീളുന്ന പ്രായോഗിക പരിശീലനവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ ഗതാഗത വകുപ്പ് രണ്ടാം സ്ഥാനത്താണെന്നത് അഭിമാനകരമായ നേട്ടമാണ്. ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ ശക്തി. ഓഫീസുകളിലേക്ക് ഏജന്റുമാരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും പ്രവേശനം കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും, ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ ജീവിക്കുന്ന പ്രവര്‍ത്തകരാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും ‘മോസ്റ്റ് എഫിഷ്യന്റ് ഓഫീസര്‍’ ആയി മാറണം എന്നതായിരിക്കണം ഉദോഗസ്ഥരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിശീലന പൂര്‍ത്തിയാക്കിയ 19 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പ്രതിജ്ഞാ വാചകം ചൊല്ലി സര്‍വീസില്‍ പ്രവേശിച്ചു. പരിശീലനത്തില്‍ മികവ് തെളിയിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ആരാധന ബി ജി (ബെസ്റ്റ് ഇന്‍ഡോര്‍), വിഷ്ണു ജെ നായര്‍ (ബെസ്റ്റ് ഔട്ട്‌ഡോര്‍), രോഹിത് എസ് (ബെസ്റ്റ് ഷൂട്ടര്‍), ശ്രീജിത്ത് ബി (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മന്ത്രി പുരസ്‌ക്കാരം നല്‍കി.
ഐ ജി പി ട്രെയിനിങ് ഗുഗുളത് ലക്ഷ്മണന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചെക്കിലം, അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍, പോലിസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ യോഗേഷ് മാന്ദയ്യ, വൈസ് പ്രിന്‍സിപ്പല്‍ അജയ് കുമാര്‍, പോലിസ്, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

