മലപ്പുറം ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പെയിന് മികച്ച പ്രതികരണം. കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മെഗാ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ നടത്തിയത്. തിരുവോണദിവസം സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയത്.
ഓണം, മുഹറം പൊതു അവധി ദിവസങ്ങളിലും ജില്ലയില്‍ നിരവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. മുഹറം ദിനത്തില്‍ 39,818 പേര്‍ക്കും ഉത്രാട ദിവസം 28,095 പേര്‍ക്കും തിരുവോണ ദിവസം 17,833 പേര്‍ക്കും ജില്ലയില്‍ വാക്‌സിന്‍ നല്‍കി. ഇതോടെ ശനിയാഴ്ച്ച വൈകിട്ട് വരെ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 21,24,550 ആയി.
ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഇതര വകുപ്പ് ജീവനക്കാരുമെല്ലാം അവധി ദിവസങ്ങളില്‍ പോലും നല്‍കിയ അകമഴിഞ്ഞ സഹകരമാണ് ജില്ലയുടെ നേട്ടത്തിന് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. വരും ദിവസങ്ങളിലും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 1577 കോവിഡ് കേസുകളാണ് മലപ്പുറത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കേരളത്തില്‍ 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.