സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ജനങ്ങളില്‍ നിന്ന് അകന്നാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നും അച്യുതമേനോനും കെ കരുണാകരനും ഇകെ നായനാര്‍ക്കും വിഎസ് അച്യുതാനന്ദനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന് ഇക്കാര്യത്തിലുള്ളതെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമര്‍ശനമുയര്‍ന്നു. സിപിഐ നേതാവ് ആനി രാജയെ സിപിഎം നേതാവ് എം.എം. മണി വിമര്‍ശിച്ചപ്പോള്‍ തിരുത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു വിമര്‍ശനം.
സമ്മേളനത്തില്‍ കൃഷി മന്ത്രി പി പ്ര്സാദിനെതിരേയും വിമര്‍ശനമുയര്‍ന്നു. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുന്നുവെന്നാണ് വിമര്‍ശനം. പച്ചക്കറി വില ഉയരുമ്പോള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിലും വിമര്‍ശനം ഉണ്ടായി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സിപിഐ നിലപാടെടുക്കുന്നില്ല. സില്‍വര്‍ലൈന്‍ വലിയ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐ നേതൃത്വത്തിനു മിണ്ടാട്ടമില്ല. കെഎസ്ഇബിയെയും കെഎസ്ആര്‍ടിസിയെയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വിമര്‍ശനം ഉണ്ടായി.